Sunday, March 9, 2014

അണ്ണാനും ഞാനും .. :)


അണ്ണാന്‍ .. പണ്ടൊക്കെ എവടെ നോക്കിയാലും കാണാമായിരുന്നു..വീടിന്‍റെ മുറ്റത്തും പറമ്പിലും സ്കൂളിലും ഒക്കെ ചാടി നടക്കുന്നുണ്ടാവും. ഇതിനെ ഒന്ന് കല്ലെറിയാത്ത ആരും ഉണ്ടാവില്ല. പക്ഷെ ഇതുവരെ ഒരു ഏറു പോലെ കൊണ്ടിട്ടില്ല.. 

ഇപോ എന്തോ ഇതിനെ എങ്ങും കാണാറില്ല. ഇന്ന് യാദൃശ്ചികമായി ഒരു അണ്ണാന്‍ മുന്നില്‍ ചാടി. ഞാനും ഒരു കൂട്ടുകാരനും കൂടി വണ്ടിയില്‍ പോകുമ്പോള്‍. അപ്പോള്‍ പഴയ ഒരു കാര്യം ഓര്‍മ്മ വന്നത്..

എനിക്കൊരു സ്കൂള്‍ മേറ്റ്‌ ഉണ്ടാരുന്നു. അനില്‍. പക്ഷെ ആ പേര് പറഞ്ഞാല്‍ ആരും അറിയില്ല. അണ്ണാന്‍ എന്ന് പറയണം, എന്നാലെ അറിയൂ..

കാരണം ഉണ്ട്. അണ്ണാനെ കെണി വെച്ചു പിടിക്കലാണ് അവന്‍റെ മെയിന്‍ പണി. അവന്‍റെ വീട് അന്ന് ചെറിയൊരു മൃഗശാല തന്നെ ആരുന്നു. അണ്ണാന്‍, മുയല്‍, ആമ , തത്ത അങ്ങനെ കുറെ ഐറ്റംസ് ഉണ്ട് അവന്‍റെ കയ്യില്‍. ഒരിക്കല്‍ അവന്‍ ക്ലാസ്സില്‍ വന്നത് മൂക്കില്‍ ഒരു മുറിവും ആയാണ്. ആമ കടിച്ചതാണ്.. ഹഹ

ഞങ്ങള്‍ ഭയങ്കര കൂട്ടാരുന്നു. വേറൊരു സീക്രെട്ടും ഉണ്ടാരുന്നു. അവന്റെ വീട്ടില്‍ നല്ല വൈന്‍ ഉണ്ടാക്കും. കിടിലന്‍ സാധനം ആണ്. അത് ക്ലാസ്സില്‍ കൊണ്ട് വന്നാല്‍ പ്രശ്നം ആവുമല്ലോ, അത് കൊണ്ട് അവന്‍ ഒരു പണി കണ്ടെത്തി. അന്ന് സിപ്പപ്പ് എന്ന് പറയുന്ന സംഭവം ഉണ്ടല്ലോ? അവന്‍ അതുപോലെ ഒരു കവര്‍ ഉണ്ടാക്കി അതില്‍ ഒഴിച്ച് കൊണ്ട് വരും , വൈന്‍. എനിക്ക് വേണ്ടി..

അങ്ങനെ സംഭവം അടിപൊളി ആയി പോവാരുന്നു.. പക്ഷെ ആരോ ഒരുത്തന്‍ ഇത് അറിഞ്ഞു. അവന്‍ ക്ലാസ്സ്‌ ലീഡര്‍ ഒരു പെണ്ണ് ഉണ്ടാരുന്നു. അവളോട്‌ പറഞ്ഞു കൊടുത്തു. അവള്‍ നേരെ ടീച്ചറോഡും.

ആ ടീച്ചര്ക്ക് ‌ ഞങ്ങളെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ പോരെ, വീട്ടില്‍ പറയണമാരുന്നോ? പാവം അണ്ണാന്‍.. അവനു വീട്ടില്‍ നിന്നും ശരിക്കും കിട്ടി.

പറഞ്ഞാല്‍ വിശ്വസിക്കില്ല. അവന്‍റെ ദേഹത്ത് 84 അടിയുടെ പാട് ഉണ്ടാരുന്നു. ആ നീറ്റല്‍ ഇപ്പോഴും ഫീല്‍ ചെയ്യുന്നു.

പിന്നീടു പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ രണ്ടു സ്കൂളില്‍ ആയി, ഞാന്‍ പിന്നീട് കോഴിക്കോട് പഠിക്കാനും പോയി. ഇതേവരെ ഞങ്ങള്‍ പിന്നെ കണ്ടിട്ടില്ല.

ഒരിക്കല്‍ ഓര്‍ക്കുട്ടില്‍ ചാറ്റ് ചെയ്തിരുന്നു. ഏഴു കൊല്ലം മുന്‍പാണ് . അന്നവന്‍ സെമിനാരിയില്‍ ചേര്ന്ന് അച്ഛനാവാന്‍ പഠിക്കുന്നു. എനിക്കത് വിശ്വസിക്കാന്‍ പറ്റിയില്ല.

ഇപോ എവടെ ആണ് ആവോ? അച്ചനായോ അതോ അവടന്ന് ചാടിയോ ആവോ? ഈ ഓര്ക്കു ട്ട് ഇപ്പോഴും ഉണ്ടോ? ഒന്ന് നോക്കട്ടെ..

ഒരു പുഴയുടെ ഓര്‍മ്മയ്ക്ക്‌...


മങ്ങാട്ടുകര.. എന്‍റെ അമ്മയുടെ നാട്..എന്‍റെയും..

എന്‍റെ കുട്ടിക്കാലത്ത് ഇവിടെ നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു .. അങ്ങു ദൂരെ കാണുന്നത് ആനപ്പാറ. ശരിക്കും ആനയെപ്പോലെ ആരുന്നു പണ്ട് കാണാന്‍.. ഇപോ ചെറുതായ പോലെ.. ഇനി ഞാന്‍ വലുതായതു കൊണ്ടാണോ??  

ആളുകള്‍ അതിനു മുകളില്‍ നിന്ന് വരി വരിയായി വന്നു പുഴയിലോട്ടു ചാടുമായിരുന്നു. പിന്നെ, പുഴയുടെ നടുക്ക് ഒരു പാറ ഉയര്‍ന്നു നില്‍പ്പുണ്ട്. ചെറിയ വട്ടത്തില്‍.. മഴയത് അത് വെള്ളത്തിനടിയില്‍ ആവും.. പിള്ളേര് നീന്തി അതിനു മുകളില്‍ പോയി ഇരിക്കുമാരുന്നു.. നല്ല രസമാരുന്നു അതൊക്കെ കാണാന്‍.

അങ്ങനെ അതൊക്കെ കണ്ടു ഞാനും നീന്തല്‍ പഠിക്കാന്‍ തുടങ്ങി. ചേച്ചിയാണ് ഗുരു. ഞാനന്ന് ഒന്നിലോ രണ്ടിലോ പഠിക്കുന്നു..

പഠിക്കാന്‍ തുടങ്ങി രണ്ടു ദിവസം ആയിക്കാണും. ഞാന്‍ തനിയെ ഒരു പരീക്ഷണം നടത്തി...

ചുമ്മാ ഒന്ന് നീന്തി നോക്കി.. അത് മാത്രം ഓര്‍മയുണ്ട്... പിന്നെ ചുറ്റും ഒരു പച്ച നിറം മാത്രം. ഞാന്‍ അങ്ങനെ താഴോട്ട് പോകുന്നു. ഉറക്കെ ചേച്ചിയെ വിളിക്കണം എന്നുണ്ട്. പക്ഷെ വായിലും മൂക്കിലും എല്ലാം കുടു കുടാ വെള്ളം കയറുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാവുന്നു. ആ പച്ച നിറം ഇപ്പോഴും കണ്‍ മുന്നില്‍ ഉണ്ട്. അന്ന് അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു..

പിന്നെ നോക്കുമ്പോള്‍ എന്നെ കടവില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു.. ഹഹ .. ആരൊക്കെയോ വയറില്‍ അമര്‍ത്തി വെള്ളം ഒക്കെ കളയുന്നുണ്ട്.

അന്ന് ഞാന്‍ ഒരു കാര്യം പഠിച്ചു. നമ്മള്‍ വെള്ളത്തില്‍ പോയാല്‍ നമ്മളറിയാതെ തന്നെ കൈ മുകളിലോട്ടു പൊന്തി വരും.. മൂന്ന് തവണ എന്നാണ് ചേച്ചി പറഞ്ഞത്. അങ്ങനെ വന്നപ്പോള്‍ ചേച്ചി എന്നെ പോക്കിയെടുതതാണ്.. അല്ലെങ്കില്‍ ഈ പോസ്റ്റ്‌ ഇടുന്ന ഞാന്‍ അന്നേ പോസ്റ്റ്‌ ആയേനെ..

എന്തായാലും നീന്തല്‍ പഠിക്കാനുള്ള ആഗ്രഹം തല്ക്കാലം അവിടെ അവസാനിച്ചു.. ഇതിപോ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസം അവിടെ പോയിരുന്നു. നിറഞ്ഞു ഒഴികിയിരുന്ന പുഴയുടെ സ്ഥാനത്ത് ഒരു ചെറിയ തോട് പോലെ ഒന്ന് മാത്രം. അതും പായലും ചെളിയും നിറഞ്ഞു.. ഒരു പുഴ കൂടെ ഇല്ലാതാവുന്നു..