Tuesday, September 3, 2013

മുത്തച്ഛന്റെ ഓര്‍മ്മയില്‍.....


 ‘മുത്തച്ഛന്‍’ അന്നും ഇന്നും ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്..അങ്ങേയറ്റം ബഹുമാനമാണ്. മുത്തച്ഛന്‍ ഓര്‍മ്മയായിട്ട് 18 കൊല്ലമാവുന്നു. ഇപ്പോഴും അമ്മയ്ക്കും വല്യമ്മമാര്‍ക്കും മുത്തച്ഛന്റെ കഥകള്‍ പറയാനേ നേരമുള്ളൂ. ഇന്നലെയും കഥ അതുതന്നെ, പക്ഷെ എത്ര കേട്ടാലും പറഞ്ഞാലും മതിവരില്ല..


എനിക്കന്ന് ആറോ ഏഴോ വയസ്സ് പ്രായം.. തെക്കേ ഉമ്മറത്ത്‌ ചാരുകസേരയില്‍ കാലും നീട്ടി വെറ്റിലയില്‍ ചുണ്ണാമ്പും തെച്ചുകൊണ്ടിരിക്കുന്ന മുത്തച്ഛന്റെ ചിത്രമുണ്ട് മനസ്സില്‍ മായാതെ.. ഒരു മംഗലശ്ശേരി നീലകണ്ഠന്‍,  ആറാം തമ്പുരാന്‍ സ്റ്റൈല്‍ ശരിക്കും ഒരു ഫ്യൂഡല്‍ മാടമ്പി..

പിന്നെ, മുത്തച്ഛന്‍ വച്ച് നീട്ടുന്ന രണ്ടു തുള്ളി കള്ളിന്റെ രുചിയും നാവിന്‍ തുമ്പത്ത് ഇപ്പോഴുമുണ്ട്... അന്നൊക്കെ പറമ്പിലെ തെങ്ങുകളില്‍ കുടം ഇഷ്ടം പോലെ വച്ചിട്ടുണ്ട്. എല്ലാ ദിവസവും ആദ്യത്തെ ഒരു കുപ്പി കള്ള്, അത് മുത്തച്ഛനുള്ളതാണ്‌. അത് ചന്ദ്രന്‍ ചേട്ടന്‍റെ പെട്ടിയില്‍ നിന്ന് മുത്തച്ഛനു കൈമാറുന്ന ഡ്യൂട്ടി എനിക്കും വന്നു ചേര്‍ന്നു .. കടത്തു കൂലി അര ഗ്ലാസ്‌ അവിടെ വച്ചിട്ടുണ്ടാകും. ( അതില്‍ കൂടിയാല്‍ പ്രശ്നമാകുമെന്നു പുള്ളിക്ക് നന്നായി അറിയാം. ആ കഥ പിന്നെ.. )

മുത്തച്ഛന്‍ കുടിച്ചു കഴിഞ്ഞു ഗ്ലാസില്‍ രണ്ടു തുള്ളി ബാക്കി വച്ചിട്ടുണ്ടാവും. “ഇന്നാടാ” എന്നും പറഞ്ഞു അത് എനിക്ക് നീട്ടും.. J ഭയങ്കര അഹങ്കാരമാണ് അത് കുടിക്കുമ്പോള്‍ എനിക്ക്..

താഴത്തെ പറമ്പില്‍ ഒരു വലിയ മാവുണ്ട്. നല്ല തേന്‍ പോലത്തെ മാമ്പഴമാണ് അതില്. പക്ഷെ അവിടെ പോവാന്‍ ഞങ്ങള്‍ക്കൊക്കെ പേടിയാണ്. അതിനു ചോട്ടില്‍ ‘ചാവുണ്ണി’ ഉണ്ട് !!

മുത്തച്ഛന്റെ ഒരു പ്രതിഷ്ട ആണ് ‘ചാവുണ്ണി’.. കുടുംബത്തിലെ ദോഷങ്ങള്‍ മാറാനും കൃഷിക്ക് നല്ല വിളവു കിട്ടാനും എല്ലാം ചാവുണ്ണിയെ പ്രീതിപ്പെടുത്തണം. അതിനു പ്രത്യേക പൂജയൊക്കെ ഉണ്ട്. ചാവുണ്ണി കോപിച്ചാല്‍ അനിഷ്ടങ്ങള്‍ സംഭവിക്കും എന്നാണ് പറയുന്നത്..

മുത്തച്ഛന്‍ തന്നെയാണ് പൂജയൊക്കെ ചെയ്യുന്നത്. അമ്പലത്തില്‍ ചെയ്യുന്നതുപോലെ അവിലും മലരും പഴവും ഒന്നുമല്ല നേദ്യം. നല്ല കോഴിക്കറിയും കള്ളും ആണ്. അച്ഛന്‍ പറയുന്നത് ഇതും മുത്തച്ഛന്റെ ഒരു നമ്പര്‍ ആണെന്നാണ്‌.

എനിക്കങ്ങനെ അന്ന് തോന്നിയിട്ടില്ല. ആ ഒരു ആംബിയന്‍സ് അത്രയ്ക്ക് ഭയങ്കരമാണ്..

അന്ന് ആ മാവിനടുത്തു വീടോന്നും ഇല്ല. മാവിന്‍റെ ചോട്ടില്‍ ചാവുണ്ണി, അവിടം കുരുത്തോല ഒക്കെ കെട്ടി അലങ്കരിച്ചിരിക്കും, മുത്തച്ഛന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടാവും, കൂടെ ചെത്തിപ്പൂവ് ഭസ്മം ഒക്കെ വിതറും, ചുറ്റിലും പന്തങ്ങള്‍, ഓലയില്‍ എണ്ണതുണി ചുറ്റി നിറയെ കത്തിച്ചു വയ്ക്കും. കോഴിക്കറിയും കള്ളും പൂജിച്ചു തുടങ്ങുമ്പോള്‍ രംഗം ചടുലമാവും. മുത്തച്ഛന്‍ തുള്ളാന്‍ തുടങ്ങും. അമ്മൂമ്മയും വല്യമ്മമാരും അമ്മയുമെല്ലാം കണ്ണടച്ച് കൈ കൂപ്പി നില്‍ക്കും.ഞങ്ങള്‍ പിള്ളേര് ഇതൊക്കെ കണ്ടു വിറച്ചു നില്‍ക്കും..

മുത്തച്ഛന്‍ തീരെ വയ്യാതായി. ‘ചാവുണ്ണി’ കോപിച്ചു തുടങ്ങിയെന്നു മുത്തച്ഛന്‍ പറഞ്ഞു. മുത്തച്ഛനാണെങ്കില്‍ പൂജ ചെയ്യാനും വയ്യ. മുടക്കാന്‍ പാടില്ലാലോ? അപോഴാണ് കള്ളുകുപ്പിയും തൂക്കി എന്‍റെ എന്‍ട്രി..

ഇത്തവണ എനിക്ക് പകരം ഇവന്‍ ചെയ്യട്ടെ..!!!

എന്‍റെ ദൈവമെ.. ശരിയായ അവസ്ഥ.. ഒരുവശത്ത് ചാവുണ്ണി, മറുവശത്ത് മുത്തച്ഛന്‍.. നടുവില്‍ ഈ പാവം ഞാന്‍.

‘അവന്‍ കൊച്ചു കുട്ടിയല്ലേ?’
“അതൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു ചെയ്യിച്ചോളാം, ഇനി ഇവരല്ലേ ഇതൊക്കെ ചെയ്യണ്ടത്?”.. മുത്തച്ഛന്‍ ഉറപ്പിച്ചു കഴിഞ്ഞു.

അങ്ങനെ ഞാന്‍ ഭയപ്പെട്ട ആ ദിവസം വന്നെത്തി.. 
കുളിച്ചു കുറിതൊട്ട്, ഈറനുടുത്തു, ഭസ്മം ഒക്കെ പൂശി ഞാനെത്തി. മുത്തച്ഛന്‍ ഒരു കസേരയിട്ട് അവിടെ അടുത്തിരുന്നു. പൂജ തുടങ്ങി. അറിയാവുന്ന നാമങ്ങളൊക്കെ ജപിച്ചു നോക്കി..പേടി മാറുന്നില്ല.. പന്തങ്ങള്‍ ഒക്കെ കത്തിച്ചു, ദീപാരാധന പോലെയുള്ള സെറ്റ് അപ്പ്‌ , മുത്തച്ഛന്‍ എന്തൊക്കെയോ പറഞ്ഞു തന്നു. ഞാന്‍ അതൊക്കെ ഏറ്റു പറഞ്ഞു. (അതെന്താ സംഭവം എന്ന് അന്നും ഇന്നും നോ ഐഡിയ. അച്ഛന്‍ പറയുന്നത് അതെന്താണെന്ന് മുത്തച്ചനും അറിയില്ല എന്നാണു..) 

കുറെ ചെത്തിപ്പൂക്കള്‍ ഭസ്മം ഒക്കെ വാരി വിതറി.  നോക്കിയപ്പോള്‍ അമ്മയും വല്യമ്മമാരും ഒക്കെ ഭയഭക്തിയോടെ കൈകൂപ്പി നില്‍ക്കുന്നു. ഞാന്‍ പിന്നെയങ്ങട് ഉഷാറായി, കത്തിക്കയറി.. ഭസ്മം ഒക്കെ അവരുടെമേല്‍ വാരിവിതറി തുള്ളലും ബഹളവും. പരിപാടി കെങ്കേമം ആയി..

ആ കോഴിക്കറിയുടെയും കള്ളിന്റെയും പൊടിപോലും കണ്ടില്ല. മുത്തച്ഛന്റെ ചിരി മാത്രം കണ്ടു..

പിറ്റേ ദിവസം മുതല്‍ ഞാന്‍ ആരാ.. വല്യ ആളായിപ്പോയി..പിള്ളേര്‍ക്കൊക്കെ വല്യ പേടി.. ഇതൊരു സ്ഥിരം പരിപാടി ആക്കാന്‍ ഞാനും തീരുമാനിച്ചു.

ഞാനും അനിയത്തിയും ചേര്‍ന്ന്, നമ്മുടെ ചാവുണ്ണിയെപ്പോലെ തന്നെയുള്ള ഒരു കല്ല്‌ തപ്പി കണ്ടുപിടിച്ചു. അത് പൊക്കിയെടുത്തു അടുത്ത് തന്നെയുള്ള വേറൊരു മാവിന്‍ ചുവട്ടില്‍ കൊണ്ട് പ്രതിഷ്ടിച്ചു. അന്ന് വയ്കീട്ടു തന്നെ ഞാന്‍ പൂജയും തുടങ്ങി. മച്ചിങ്ങ കല്ലില്‍ അരച്ച് ചന്ദനം ഉണ്ടാക്കി, ചെത്തിപ്പൂവോക്കെ വിതറി.. vacation തീരും വരെ പൂജ തുടര്‍ന്നു. കുറെ പിള്ളേരും ഉണ്ട് ഭക്തരായിട്ട്..

ഇപ്പൊ ആ രണ്ടു മാവും അവിടില്ല. ചാവുണ്ണിയെ എങ്ങോട്ടോ മാറ്റി പ്രതിഷ്ടിച്ചു. എന്‍റെ പ്രതിഷ്ട എവടെ പ്പോയോ ആവോ?

അടുത്താഴ്ച ഒന്ന് അമ്മ വീട്ടില്‍ പോണം. അവിടൊക്കെ ഒന്ന് തപ്പിനോക്കണം. കിട്ടിയാല്‍ എടുത്തുവച്ചു വീണ്ടും പൂജ തുടങ്ങണം. ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പിള്ളേര് കുറെ പേരുണ്ട് അവിടെ..എല്ലാത്തിനേം ഒന്ന് പേടിപ്പിക്കണം..


2 comments:

  1. ആ കോഴിക്കറിയുടെയും കള്ളിന്റെയും പൊടിപോലും കണ്ടില്ല. മുത്തച്ഛന്റെ ചിരി മാത്രം കണ്ടു..

    ഹഹഹ

    ReplyDelete
  2. Muthassante pani kochu monum thudangio? :-D :-D

    ReplyDelete