Tuesday, September 3, 2013

മുത്തച്ഛന്റെ ഓര്‍മ്മയില്‍.....


 ‘മുത്തച്ഛന്‍’ അന്നും ഇന്നും ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്..അങ്ങേയറ്റം ബഹുമാനമാണ്. മുത്തച്ഛന്‍ ഓര്‍മ്മയായിട്ട് 18 കൊല്ലമാവുന്നു. ഇപ്പോഴും അമ്മയ്ക്കും വല്യമ്മമാര്‍ക്കും മുത്തച്ഛന്റെ കഥകള്‍ പറയാനേ നേരമുള്ളൂ. ഇന്നലെയും കഥ അതുതന്നെ, പക്ഷെ എത്ര കേട്ടാലും പറഞ്ഞാലും മതിവരില്ല..


എനിക്കന്ന് ആറോ ഏഴോ വയസ്സ് പ്രായം.. തെക്കേ ഉമ്മറത്ത്‌ ചാരുകസേരയില്‍ കാലും നീട്ടി വെറ്റിലയില്‍ ചുണ്ണാമ്പും തെച്ചുകൊണ്ടിരിക്കുന്ന മുത്തച്ഛന്റെ ചിത്രമുണ്ട് മനസ്സില്‍ മായാതെ.. ഒരു മംഗലശ്ശേരി നീലകണ്ഠന്‍,  ആറാം തമ്പുരാന്‍ സ്റ്റൈല്‍ ശരിക്കും ഒരു ഫ്യൂഡല്‍ മാടമ്പി..

പിന്നെ, മുത്തച്ഛന്‍ വച്ച് നീട്ടുന്ന രണ്ടു തുള്ളി കള്ളിന്റെ രുചിയും നാവിന്‍ തുമ്പത്ത് ഇപ്പോഴുമുണ്ട്... അന്നൊക്കെ പറമ്പിലെ തെങ്ങുകളില്‍ കുടം ഇഷ്ടം പോലെ വച്ചിട്ടുണ്ട്. എല്ലാ ദിവസവും ആദ്യത്തെ ഒരു കുപ്പി കള്ള്, അത് മുത്തച്ഛനുള്ളതാണ്‌. അത് ചന്ദ്രന്‍ ചേട്ടന്‍റെ പെട്ടിയില്‍ നിന്ന് മുത്തച്ഛനു കൈമാറുന്ന ഡ്യൂട്ടി എനിക്കും വന്നു ചേര്‍ന്നു .. കടത്തു കൂലി അര ഗ്ലാസ്‌ അവിടെ വച്ചിട്ടുണ്ടാകും. ( അതില്‍ കൂടിയാല്‍ പ്രശ്നമാകുമെന്നു പുള്ളിക്ക് നന്നായി അറിയാം. ആ കഥ പിന്നെ.. )

മുത്തച്ഛന്‍ കുടിച്ചു കഴിഞ്ഞു ഗ്ലാസില്‍ രണ്ടു തുള്ളി ബാക്കി വച്ചിട്ടുണ്ടാവും. “ഇന്നാടാ” എന്നും പറഞ്ഞു അത് എനിക്ക് നീട്ടും.. J ഭയങ്കര അഹങ്കാരമാണ് അത് കുടിക്കുമ്പോള്‍ എനിക്ക്..

താഴത്തെ പറമ്പില്‍ ഒരു വലിയ മാവുണ്ട്. നല്ല തേന്‍ പോലത്തെ മാമ്പഴമാണ് അതില്. പക്ഷെ അവിടെ പോവാന്‍ ഞങ്ങള്‍ക്കൊക്കെ പേടിയാണ്. അതിനു ചോട്ടില്‍ ‘ചാവുണ്ണി’ ഉണ്ട് !!

മുത്തച്ഛന്റെ ഒരു പ്രതിഷ്ട ആണ് ‘ചാവുണ്ണി’.. കുടുംബത്തിലെ ദോഷങ്ങള്‍ മാറാനും കൃഷിക്ക് നല്ല വിളവു കിട്ടാനും എല്ലാം ചാവുണ്ണിയെ പ്രീതിപ്പെടുത്തണം. അതിനു പ്രത്യേക പൂജയൊക്കെ ഉണ്ട്. ചാവുണ്ണി കോപിച്ചാല്‍ അനിഷ്ടങ്ങള്‍ സംഭവിക്കും എന്നാണ് പറയുന്നത്..

മുത്തച്ഛന്‍ തന്നെയാണ് പൂജയൊക്കെ ചെയ്യുന്നത്. അമ്പലത്തില്‍ ചെയ്യുന്നതുപോലെ അവിലും മലരും പഴവും ഒന്നുമല്ല നേദ്യം. നല്ല കോഴിക്കറിയും കള്ളും ആണ്. അച്ഛന്‍ പറയുന്നത് ഇതും മുത്തച്ഛന്റെ ഒരു നമ്പര്‍ ആണെന്നാണ്‌.

എനിക്കങ്ങനെ അന്ന് തോന്നിയിട്ടില്ല. ആ ഒരു ആംബിയന്‍സ് അത്രയ്ക്ക് ഭയങ്കരമാണ്..

അന്ന് ആ മാവിനടുത്തു വീടോന്നും ഇല്ല. മാവിന്‍റെ ചോട്ടില്‍ ചാവുണ്ണി, അവിടം കുരുത്തോല ഒക്കെ കെട്ടി അലങ്കരിച്ചിരിക്കും, മുത്തച്ഛന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടാവും, കൂടെ ചെത്തിപ്പൂവ് ഭസ്മം ഒക്കെ വിതറും, ചുറ്റിലും പന്തങ്ങള്‍, ഓലയില്‍ എണ്ണതുണി ചുറ്റി നിറയെ കത്തിച്ചു വയ്ക്കും. കോഴിക്കറിയും കള്ളും പൂജിച്ചു തുടങ്ങുമ്പോള്‍ രംഗം ചടുലമാവും. മുത്തച്ഛന്‍ തുള്ളാന്‍ തുടങ്ങും. അമ്മൂമ്മയും വല്യമ്മമാരും അമ്മയുമെല്ലാം കണ്ണടച്ച് കൈ കൂപ്പി നില്‍ക്കും.ഞങ്ങള്‍ പിള്ളേര് ഇതൊക്കെ കണ്ടു വിറച്ചു നില്‍ക്കും..

മുത്തച്ഛന്‍ തീരെ വയ്യാതായി. ‘ചാവുണ്ണി’ കോപിച്ചു തുടങ്ങിയെന്നു മുത്തച്ഛന്‍ പറഞ്ഞു. മുത്തച്ഛനാണെങ്കില്‍ പൂജ ചെയ്യാനും വയ്യ. മുടക്കാന്‍ പാടില്ലാലോ? അപോഴാണ് കള്ളുകുപ്പിയും തൂക്കി എന്‍റെ എന്‍ട്രി..

ഇത്തവണ എനിക്ക് പകരം ഇവന്‍ ചെയ്യട്ടെ..!!!

എന്‍റെ ദൈവമെ.. ശരിയായ അവസ്ഥ.. ഒരുവശത്ത് ചാവുണ്ണി, മറുവശത്ത് മുത്തച്ഛന്‍.. നടുവില്‍ ഈ പാവം ഞാന്‍.

‘അവന്‍ കൊച്ചു കുട്ടിയല്ലേ?’
“അതൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു ചെയ്യിച്ചോളാം, ഇനി ഇവരല്ലേ ഇതൊക്കെ ചെയ്യണ്ടത്?”.. മുത്തച്ഛന്‍ ഉറപ്പിച്ചു കഴിഞ്ഞു.

അങ്ങനെ ഞാന്‍ ഭയപ്പെട്ട ആ ദിവസം വന്നെത്തി.. 
കുളിച്ചു കുറിതൊട്ട്, ഈറനുടുത്തു, ഭസ്മം ഒക്കെ പൂശി ഞാനെത്തി. മുത്തച്ഛന്‍ ഒരു കസേരയിട്ട് അവിടെ അടുത്തിരുന്നു. പൂജ തുടങ്ങി. അറിയാവുന്ന നാമങ്ങളൊക്കെ ജപിച്ചു നോക്കി..പേടി മാറുന്നില്ല.. പന്തങ്ങള്‍ ഒക്കെ കത്തിച്ചു, ദീപാരാധന പോലെയുള്ള സെറ്റ് അപ്പ്‌ , മുത്തച്ഛന്‍ എന്തൊക്കെയോ പറഞ്ഞു തന്നു. ഞാന്‍ അതൊക്കെ ഏറ്റു പറഞ്ഞു. (അതെന്താ സംഭവം എന്ന് അന്നും ഇന്നും നോ ഐഡിയ. അച്ഛന്‍ പറയുന്നത് അതെന്താണെന്ന് മുത്തച്ചനും അറിയില്ല എന്നാണു..) 

കുറെ ചെത്തിപ്പൂക്കള്‍ ഭസ്മം ഒക്കെ വാരി വിതറി.  നോക്കിയപ്പോള്‍ അമ്മയും വല്യമ്മമാരും ഒക്കെ ഭയഭക്തിയോടെ കൈകൂപ്പി നില്‍ക്കുന്നു. ഞാന്‍ പിന്നെയങ്ങട് ഉഷാറായി, കത്തിക്കയറി.. ഭസ്മം ഒക്കെ അവരുടെമേല്‍ വാരിവിതറി തുള്ളലും ബഹളവും. പരിപാടി കെങ്കേമം ആയി..

ആ കോഴിക്കറിയുടെയും കള്ളിന്റെയും പൊടിപോലും കണ്ടില്ല. മുത്തച്ഛന്റെ ചിരി മാത്രം കണ്ടു..

പിറ്റേ ദിവസം മുതല്‍ ഞാന്‍ ആരാ.. വല്യ ആളായിപ്പോയി..പിള്ളേര്‍ക്കൊക്കെ വല്യ പേടി.. ഇതൊരു സ്ഥിരം പരിപാടി ആക്കാന്‍ ഞാനും തീരുമാനിച്ചു.

ഞാനും അനിയത്തിയും ചേര്‍ന്ന്, നമ്മുടെ ചാവുണ്ണിയെപ്പോലെ തന്നെയുള്ള ഒരു കല്ല്‌ തപ്പി കണ്ടുപിടിച്ചു. അത് പൊക്കിയെടുത്തു അടുത്ത് തന്നെയുള്ള വേറൊരു മാവിന്‍ ചുവട്ടില്‍ കൊണ്ട് പ്രതിഷ്ടിച്ചു. അന്ന് വയ്കീട്ടു തന്നെ ഞാന്‍ പൂജയും തുടങ്ങി. മച്ചിങ്ങ കല്ലില്‍ അരച്ച് ചന്ദനം ഉണ്ടാക്കി, ചെത്തിപ്പൂവോക്കെ വിതറി.. vacation തീരും വരെ പൂജ തുടര്‍ന്നു. കുറെ പിള്ളേരും ഉണ്ട് ഭക്തരായിട്ട്..

ഇപ്പൊ ആ രണ്ടു മാവും അവിടില്ല. ചാവുണ്ണിയെ എങ്ങോട്ടോ മാറ്റി പ്രതിഷ്ടിച്ചു. എന്‍റെ പ്രതിഷ്ട എവടെ പ്പോയോ ആവോ?

അടുത്താഴ്ച ഒന്ന് അമ്മ വീട്ടില്‍ പോണം. അവിടൊക്കെ ഒന്ന് തപ്പിനോക്കണം. കിട്ടിയാല്‍ എടുത്തുവച്ചു വീണ്ടും പൂജ തുടങ്ങണം. ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പിള്ളേര് കുറെ പേരുണ്ട് അവിടെ..എല്ലാത്തിനേം ഒന്ന് പേടിപ്പിക്കണം..


Saturday, July 6, 2013

എന്താണ് ബ്രോ..??

പണ്ട് ചേട്ടാ.. ചേട്ടാ..എന്നും വിളിച്ചു പുറകെ നടന്ന ചെക്കനാണ്.  ഇപോ ബ്രോ, ബടി എന്നൊക്കെയേ വിളിക്കൂ..പറഞ്ഞു വരുന്നത് എന്‍റെ കസിന്‍ ബ്രദര്‍ ന്‍റെ കാര്യമാണ്. എന്‍റെ എല്ലാ പോക്രിത്തരങ്ങളും, അവന്‍ സ്വയം വികസിപ്പിച്ചെടുത്ത അവന്റെ സ്വന്തം തെമ്മാടിത്തരങ്ങളും ചേര്‍ന്ന ഒരു മൊതല് എന്ന് ഒറ്റ വാചകത്തില്‍ അവനെ വിശേഷിപ്പിക്കാം. 
എന്തൊക്കെ പറഞ്ഞാലും സ്നേഹമുള്ളവനാ..രണ്ടു ദിവസമായി ആശുപത്രിയില്‍ അച്ഛന്റെ ഒപ്പം നില്കുന്നത് അവനാണ്. എനിക്ക് ഇന്നലെയാണ് എത്താന്‍ പറ്റിയത്. അവനോടു വീട്ടില്‍ പോയി വയ്കീട്ടു വന്നാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ ഉണ്ടല്ലോ ഇവടെ.

“വേണ്ട ബ്രോ, ഞാന്‍ നിന്നോളാം “

ഇവന് ഇത് എന്ത് പറ്റി? ഒന്ന് പുറത്തേക്കിറങ്ങി നടന്നപ്പോള്‍ കാര്യം പിടികിട്ടി. അപ്പുറത്തെ റൂമില്‍ ഒരു സുന്ദരിക്കുട്ടി.വെറുതെ അല്ല ഇവനിത്ര സ്നേഹം. ഇവന്‍ എന്‍റെ അനിയന്‍ തന്നെ. Jഅവനെ കുറ്റം പറയാന്‍ പറ്റില്ല. ആരായാലും നോക്കി പോകും. നല്ല കുട്ടി.. :) 

ഉച്ചക്ക് പുറത്തിറങ്ങി തിരിച്ചു ലിഫ്റ്റ്‌ കാത്തു നില്‍ക്കാരുന്നു ഞാന്‍.. 7ആം നിലയിലാണ് റൂം.. ഹോ!!

ലിഫ്റ്റ്‌ വന്നു. ഡോര്‍ അടയാന്‍ തുടങ്ങുമ്പോള്‍ അതാ ഓടിവരുന്നു നമ്മുടെ നായിക..രാവിലെ കണ്ടതിലും ഭംഗി കൂടിയോ എന്നൊരു സംശയം. കുളിച്ചു കാണും. അതാ.. :) 

കുറെ നാളായി ടച്ച്‌ വിട്ടിട്ട്..എന്നാലും ഒന്ന് ചൂണ്ട ഇട്ടു നോക്കാം..

നല്ല കുട്ടി, നല്ല സംസാരം. മുത്തച്ഛന്‍ ഇവടെ അഡ്മിറ്റ്‌ ആണ്. ആള് M.Techനു പഠിക്കുന്നു. (പാവം ബ്രോ..ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അവന്‍ B.Tech കഴിഞ്ഞിട്ടില്ല)

ശേ!! ഇത്ര പെട്ടന്ന് എഴാം നിലയില്‍ എത്തിയോ? അല്ലെങ്കില്‍ അര മണിക്കൂര്‍ വേണം.
ഓക്കേ..ബൈ കാണാം അവള്‍ ബൈ പറഞ്ഞു നടന്നു നീങ്ങി. 

“എന്താണ് ബ്രോ...ഈ ചതി എന്നോട് വേണ്ടാരുന്നു.. “
ഒരു രോദനം !!!

അനിയനാണ്. അവനാകെ ഹൃദയം തകര്‍ന്നു നില്‍ക്കുന്നു.
ഞാന്‍ ആശ്വസിപ്പിച്ചു.. “ഡാ, നീ ആദ്യം B. Tech പാസ്സാവാന്‍ നോക്ക്.. ആ കൊച്ചു M. Tech നാണ്. ചേച്ചി എന്ന് വിളിക്കണം. കേട്ടാ.. “
അവന്‍ സമ്മതിക്കുന്നില്ല. ഒന്ന് പോ ചേട്ടാ..ഞാന്‍ കഴിഞ്ഞ ദിവസം മുട്ടിയതാ..എന്നോട് B. Tech എന്നാണല്ലോ പറഞ്ഞത്. 

ങേ!! കണ്‍ഫ്യൂഷന്‍ ആയല്ലോ..

ഒരു കാര്യം ചെയ്യാം. നമുക്ക് അന്വേഷണം വൃന്ദയെ ഏല്‍പ്പിക്കാം. എന്‍റെ അനുജത്തി ആയതു കൊണ്ട് പറയുന്നതല്ല. ചാരപ്പണിക്ക്‌ ബെസ്റ്റ് ആളാ..ഓക്കേ..

വയ്കീട്ടു ആ കുട്ടി മുത്തച്ചനെ കൂട്ടി നടക്കാന്‍ ഇറങ്ങിയ സമയം. വൃന്ദ ചാര്‍ജ് ഏറ്റെടുത്തു. ഞങ്ങള്‍ ഒന്നും അറിയാത്ത പോലെ ഫോണും വിളിച്ചു നിന്ന്.

കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ രണ്ടാളും കുടി ചിരിച്ചോണ്ട് വരുന്നു. ങേ, കേസന്വേഷിക്കാന്‍ പോയ ആള് കേസിനെയും കൂട്ടി ഇങ്ങോട്ടനല്ലോ?

സംഭവം സിമ്പിള്‍ ആണ്. അവര് ഒന്നല്ല.. രണ്ടാണ്.. twins !! 

അപോ ഒരാള്‍ എങ്ങനെ B. Tech ആയി? #doubt
ഒരാള്‍ entrance repeat ചെയ്തു. 1 year മിസ്സ്‌ ആയി. കേസ് resolved.

അവള് ചിരിക്കുന്നുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഞാന്‍ നമ്മുടെ ബ്രോ യെ നോക്കി.. അവന്റെ മനസ്സിലും ലഡ്ഡു പൊട്ടിയിരിക്കുന്നു.. അങ്ങനെ ടോട്ടല്‍ രണ്ടു ലഡ്ഡു പൊട്ടി... :) 

Wednesday, June 5, 2013

കുമ്പിടി ക്കൊരു പാര്‍സല്‍ ഉണ്ടേ !!

           കുമ്പിടിക്കൊരു പാര്‍സല്‍  ഉണ്ടേ !!കൊച്ചിയില്‍ പ്രൊഫഷണല്‍ ലൈഫ് പൊടിപൊടിക്കുന്ന സമയം..ജീവിതം മൊത്തം കോഞ്ഞാട്ടയായി കൊണ്ടിരിക്കുന്നു.. രാവിലെ എഴുന്നേറ്റു ഓഫീസില്‍ പോവുക പാതിരാത്രി തിരിച്ചുവരിക രാവിലെ വീണ്ടും ഓഫീസിലോട്ട്..അങ്ങനെ ശരിക്കും ജീവിതം ‘enjoy’ ചെയ്യുന്ന സമയം..


അങ്ങനെ ഒരു വെള്ളിയാഴ്ച, പണി പാമ്പായി കിട്ടിയില്ലെങ്ങില്‍ വ്യ്കീട്ടു വീട്ടില്‍ പോകാം എന്ന ശുഭ പ്രതീക്ഷയില്‍ ഇരിക്കുന്നു..
അപ്പോള്‍ ദാ ഓഫീസിലോട്ട് മന്ദം മന്ദം കടന്നു വരുന്നു ഒരു കൊറിയര്‍ മാമന്‍.. 

ഇതൊക്കെ വല്യ സംഭവമാണ് ഓഫീസില്‍.. കുറച്ചു നേരം അയാളെ നോക്കി നേരം കളയാലോ.. എല്ലാരും കുടി അയാളെ നോക്കിയപ്പോള്‍ പുള്ളി വല്ലാതായി..

അപോഴെക്കും സാമിയേട്ടന്‍ എത്തി..നമ്മടെ HR.. ഒരു ചെറിയ പാര്‍സല്‍ ആണ് സാധനം..ഗിഫ്റ്റ് എന്തോ ആണ്..പക്ഷെ പ്രശ്നം അതല്ല..
പേരാണ് പ്രശ്നം..

To,
കുമ്പിടി
ഓഫീസ് അഡ്രസ്‌

ഹഹ..ഇതാരാ ഇപോ കുമ്പിടി.. നമ്മക്ക് അറിയാവുന്ന ഒരേയൊരു കുമ്പിടി “നന്ദനത്തിലെ ജഗതി”യാണ് .. പിന്നെ അതെ ഹെയര്‍ സ്റ്റൈല്‍ വച്ചിരുന്ന കാലത്ത് കോളേജില്‍ വരുണിനും ആ പേര് ഉണ്ടാരുന്നു..പക്ഷെ ഇവടെ ആരാ കുമ്പിടി..??

സാമിയേട്ടന്‍ ഓഫീസില്‍ മൊത്തം അന്വേഷണം തുടങ്ങി..ആദ്യം തന്നെ അനൂപിനോട് ചോദിച്ചു..ഇമ്മാതിരി ഉടായിപ്പിന്റെ ആശാന്‍ അവനാണ്.. വേറെ പല പേരുകളും ഉണ്ടെങ്കിലും ഇങ്ങനെ ഒരു പേരില്ല എന്ന് അവന്‍ തീര്‍ത്തു പറഞ്ഞു..

അപോ ഇനി ആര്?
ഈ ടൈപ്പ് ഫ്രോഡ് പണികളില്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ട് ജിജിന്.. പക്ഷെ അവന്‍ നിരപരാധി ആണെന്ന് പറഞ്ഞു കഴിഞ്ഞു..

പിന്നെ ഇജ്ജാതി പരിപാടി ഒപ്പിക്കാന്‍ വഴിയുള്ളത് പ്രവീണും ശ്രീകാന്തും ആണ്..അവന്മാരല്ലന്നു തറപ്പിച്ചു പറഞ്ഞു..

ഇനി വല്ല തൃശൂര്‍ ഗടികളുടെ പണിയാണോ ഡിജോ?? ആവാന്‍ വഴിയില്ല.. പിന്നെ ഹിതരപ്പ മോഹന്‍ ജോദാരോ? ആരാണ് കക്ഷി...??

ഇനി വല്ല girls..?? എയ് അങ്ങനെ വരുവോ? പെണ്ണുങ്ങള്‍ക്ക്‌ കുമ്പിടി എന്ന് പേരിടുമോ?സാധ്യത തള്ളികളയാന്‍ ആവില്ലലോ? അശ്വിനി നീയാണോ? ഹഹ

അവസാനം തോല്‍വി സമ്മതിച്ചു പാര്‍സല്‍ തിരികെ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരാള്‍ സൈഡില്‍ കുടി വരുന്നു.. സാമിയെട്ടന്‍ കരുതി ആള് പുറത്തോട്ടു പോവാണെന്ന്, വല്ല ഫോണും ചെയ്യാന്‍..പുള്ളി ഡോര്‍ തുറന്നു കൊടുത്തു..

“അല്ല സാമിയേട്ടാ .. ആ പാര്‍സല്‍.. അതിനു തന്നേരെ..അത് എനിക്കുള്ളതാ.” ഒരു കിളി ശബ്ദം .. ഓഫീസിലെ ഏറ്റവും സൈലന്റ് മെമ്പര്.. വന്‍ സീരിയസ്..അപോഴാണ് അവളുടെ ശബ്ദം തന്നെ ഞങ്ങള്‍ കേള്‍ക്കുന്നത് ..ഹഹ

എന്റമ്മോ..!! പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.. ചിരി അടക്കാന്‍ പറ്റുന്നില്ല .. അന്ന് മൊത്തം ഓര്‍ത്തോര്‍ത്തു ചിരിക്കാരുന്നു.. സാമിയെട്ടന്റെ അന്വേഷണവും അവസാനം അവളുടെ കീഴടങ്ങലും..അപോ തന്നെ എല്ലാരും g-talk ല്‍ സ്റ്റാറ്റസ് മാറ്റി..

“happy birthday Kumbidi”


സംഭവം കൂട്ടുകാര്‍ ഒപ്പിച്ച പണിയാണ്.. നോമ്പ് കാലത്ത് കോഴി ഇറച്ചി കട്ട് തിന്നതിന് അവരിട്ട പേരാണത്രേ ഇത്.. “കുമ്പിടി” !!


കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.. നല്ല എട്ടിന്റെ പണി.. പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം.. ഇപ്പോഴും അവളെ ഓണ്‍ലൈന്‍ കാണുമ്പോള്‍ ഇതാണ് ഓര്മ വരിക..

Tuesday, June 4, 2013

ഉമ്മചിക്കുട്ടീടെ മൊഞ്ചന്നും പോയ്പ്പോവില്ല മോനെ !!


“ ഉമ്മചിക്കുട്ടീടെ മൊഞ്ചന്നും പോയ്പ്പോവില്ല മോനെ !! ”
ഇന്ന് വെള്ളിയാഴ്ച , അഥവാ വീട്ടിപ്പോവുന്ന ദിവസം...6.30 ആവാന്‍  വേണ്ടിയുള്ള കാത്തിരുപ്പ്. കൃത്യം 6.25 ആയപ്പോഴാണ് പണി കിട്ടുന്നത്, ബോസിന്റെ വക .. ഒരു വിധത്തില്‍ വര്‍ക്ക്‌ തീര്‍ത്തു ഇറങ്ങുമ്പോള്‍ സമയം 7 മണി.. അരമണികൂര്‍ കുടി കഴിഞ്ഞാല്‍ മാവേലി തമ്പാനൂര്‍ വിടും. ഇനി ഒറ്റ വഴിയെ ഉള്ളൂ...

Gaurav .. Can you drop me at Thampanoor railway station..?? ഗ്രാമര്‍ കറക്റ്റ് ആണോ ആവോ? ഹഹ.. ആശാന് കാര്യം പിടികിട്ടി..വേഗം പോവാന്ന് ഹിന്ദിയില്‍ എങ്ങനാ.. ജല്‍ദി ജാവോ യാര്‍ .. ഇവനെ റൂം മേറ്റ്‌ ആയി കിട്ടീട്ടു മാസം നാലായി.. ഇവന്‍ മലയാളം പഠിച്ചു തുടങ്ങി എന്നല്ലാതെ എനിക്ക് യാതൊരു മാറ്റവും ഇല്ല ..

അപോ ദാ ജിതിന്‍റെ കോള്.. നീ മാവേലിക്ക് വരുന്നോ? ഹാവൂ ഭാഗ്യായി.. “നീ ടിക്കറ്റ്‌ എടുത്തോ.. ഞാന്‍ എത്തിക്കോളാം ” കൃത്യം 7.25 നു ഗൌരവ് എന്നെ തമ്പാനൂര്‍ എത്തിച്ചു.. നല്ല ബെസ്റ്റ് ടൈം..ട്രെയിന്‍ 5 ആം നമ്പര്‍ പ്ലാറ്റ് ഫോമില്‍ .. സന്തോഷമായി..

ഓവര്‍ ബ്രിട്ജിലോട്ടുള്ള ഓട്ടം..പെട്ടെന്ന് മുന്നിലതാ... തട്ടതിന്‍ മറയതൊരു ഉമ്മച്ച്ക്കുട്ടി ..
# വിനീത് ശ്രീനിവാസന്‍ ബാക്ക് ഗ്രൗണ്ടില്‍ വന്നു ‘അനുരാഗം അനുരാഗം’ മൂളി ..

സ്ലോ മോഷന് സമയമില്ല.. വണ്ടി വന്നു .. ഞാന്‍ പാഞ്ഞു..
ഒരുവിധത്തില്‍ ട്രെയിനില്‍ ഇടിച്ചു കയറി..ജിത്തിനെ കാണുന്നില്ല.. വിളിച്ചിട്ട് കിട്ടുന്നുമില്ല .. കുറച്ചു കഴിഞ്ഞു അവന്റെ കോള്‍.. “വാടാ, ഞാന്‍ രണ്ടാമത്തെ കോച്ചില്‍ ഉണ്ട്, ഇവടെ തിരക്കില്ല..നിനക്ക് സീറ്റ്‌ പിടിച്ചിട്ടുണ്ട്”..
നന്പന്‍ ടാ.. ഞാന്‍ ദാ വന്നു ..

അവന്‍ പിടിച്ച സീറ്റ്‌ കണ്ടപ്പോള്‍ അവനോടുള്ള സ്നേഹം കൂടി.. മുന്‍പിലതാ നമ്മുടെ ഉമ്മചിക്കുട്ടി..വീണ്ടും ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌..
പണ്ട് മുതല്‍ക്കേ ഉള്ള ഒരു മോഹമാണ്. കോഴിക്കോട് പഠിക്കാന്‍ ചെന്നത് മുതല്‍....
"ഒരു ഉമ്മചിക്കുട്ടിയെ പ്രേമിക്കണം."

പിന്നെ, സ്വന്തം ജീവനില്‍ കൊതി ഉള്ളത് കൊണ്ടും, വേറെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടും ആ മോഹം വേണ്ടെന്നു വച്ചതാണ്. എന്നാലും ഉമ്മചികുട്ടികളുടെ മൊഞ്ച് എന്ന് പറഞ്ഞാല്‍ ഒരു മൊഞ്ച് തന്നെയാണ്..

ഇരുന്നതും ജിതിന്‍ ഡിസ്കഷന്‍ തുടങ്ങി. നമ്മടെ ഷോര്‍ട്ട് ഫില്മ്നെ കുറിച്ച്, സിനിമ പരടിസോ ക്ലബിലെ പുതിയ വിശേഷങ്ങളെ കുറിച്ച്.. പക്ഷെ എന്റെ മനസ്സില്‍ അപ്പോഴും വിനീത് ശ്രീനിവാസന്‍ ‘അനുരാഗം’ മൂളുകയായിരുന്നു..

അവള് ഒറ്റക്കല്ല. കൂടെ ഒരു തട്ടം കുടിയുണ്ട്. ചേച്ചിയാവും. ഒരു കുഞ്ഞു കയ്യിലുണ്ട് ചേച്ചിയുടെ, ഒരു ഉണ്ടപ്പക്രു. പിന്നെ ഒരു തടിമാടന്‍ ചേട്ടന്‍ ഉണ്ട്.. ഒരു വീശു കിട്ടിയാല്‍ എന്റെ കാറ്റുപോവും.. കുറച്ചു ഡീസന്റ് ആവാം..അതാ നല്ലത്..

ട്രെയിനില്‍ മാത്രം വീശുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട്..അതവുളുടെ തട്ടത്തില്‍ പാറിക്കളിക്കുന്നു.. എഹും എഹും.. 
ജിതിന് കാര്യം പിടികിട്ടി.. ഡാ നീയാ തടിമാടനെ കണ്ടല്ലോ അല്ലെ..?? ഒന്ന് സൂക്ഷിച്ചോ.. “എന്നാലും ജിതിനെ, ഈ ഉമ്മചികുട്ടീടെ മൊഞ്ച്..”

ആലപ്പുഴ എത്താറായി, വിശന്നു തുടങ്ങിയോ എന്നൊരു സംശയം ഇല്ലതില്ലതില്ല.. രണ്ടാമത്തെ കോച്ചിലാ, പച്ച വെള്ളം കിട്ടില്ല.. ആ ഉണ്ടപ്പക്രു കാറല്‍ തുടങ്ങി.. ട്രെയിന്‍ വരെ കുലുങ്ങി തുടങ്ങി..

അവനു വിഷക്കുന്നുണ്ടാവും, ആ തടിമാടന്‍ കണ്ണ് കൊണ്ട് കഥകളി നടത്തുന്നു. ഓ, പാല് കൊടുക്കാന്‍.. , പിന്നെ നമുക്ക് അറിഞ്ഞു കൂടാ ഇതൊന്നും..??കൊച്ചിന് പാല് കൊടുക്കെന്റെ ചേച്ചി..ഹഹ..

എനിക്കിനി കുറച്ചു നേരം സമാധാനമായി ഉമ്മചിക്കുട്ടിയെ നോക്കാം..

അയ്യോ, അച്ഛന്റെ കോള്‍, പതിവ് പോലെ വിളിക്കാന്‍ മറന്നു..
”നല്ല തിരക്കാ അച്ഛാ, ഇപോഴാ സീറ്റ്‌ കിട്ടിയേ, ഞാന്‍ വിളിക്കാം..റേഞ്ച് പോവുന്നു..”
പറഞ്ഞു മുഴുപ്പിക്കാന്‍ പറ്റിയില്ല.. ഞാന്‍ ഞെട്ടി തരിച്ചുപോയി.. really shocked !! അച്ഛന്‍ ഹലോ പറയുന്നുണ്ട്. എനിക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല. ഞാന്‍ കോള്‍ കട്ട്‌ ചെയ്തു.. ജിതിനെ നോക്കി. അവനും ഷോക്കായി ഇരിക്കുന്നു..

ആ കുട്ടി എന്റെ ഉമ്മചിക്കുട്ടിയുടെ കയ്യില്‍..അവളവന് പാല് കൊടുക്കുന്നു.. ഈശ്വരാ..അതവളുടെ കുട്ടിയോ..?? ആ തടിമാടന്‍ അവളുടെ ഭര്‍ത്താവോ? ആലോചിക്കാന്‍ കൂടി വയ്യ.. തകര്‍ന്നു പോയി.. കുറെ നേരത്തേക്ക് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല..

കുറച്ചു കഴിഞ്ഞു..അവള്‍ കുട്ടിയെ സീറ്റില്‍ കിടത്തി ഉറക്കി.. എന്നിട്ടവള്‍ വെറും നിലത്തിരുന്നു, സീറ്റില്‍ തല ചാരി വച്ച് തളര്‍ന്നു കിടന്നു ഉറങ്ങുന്നു. അത് കണ്ടു ഇരിക്കാന്‍ എനിക്ക് പറ്റുന്നില്ല. 

“ജിതിനെ, ഞാന്‍ ഡോറില്‍ ഉണ്ടാവും” എഴുനേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ പുറകോട്ടു ചാഞ്ഞു. എന്റെ കാലിലോട്ടു... എല്ലാരും നല്ല ഉറക്കം, ഞാന്‍ കാലു വലിച്ചാല്‍ അവള്‍ ഉണരും. പാവം ഉറങ്ങിക്കോട്ടെ..

കുട്ടിത്തം വിട്ടുമാറാത്ത ഒരു പാവം കുട്ടി. ആ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. തളര്‍ന്നു കിടന്നുറങ്ങാനു പാവം. പക്ഷെ എന്റെ കാലില്‍ കിടന്നു ഉറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍. അത് മതി പാവത്തിന്..

ഞാന്‍ പതിയെ കാലു വലിച്ചു..അവള്‍ ഞെട്ടി ഉണര്‍ന്നു..ഉതിര്‍ന്നു വീണ തട്ടം നേരെയാക്കി ഒന്ന് ചെറുതായി മന്ദഹസിച്ചു അവള്‍ മുന്നോട്ടു നീങ്ങിയിരുന്നു ..

“ജിതിനെ, ഞാന്‍ ഡോറില്‍ കാണും.” ഇനിയും അവിടെ ഇരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല..കുറച്ചു കഴിഞ്ഞു ജിതിനും ഡോറില്‍ലോട്ടു വന്നു..ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു. 

അവളുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല..എന്റെ ആദ്യ ഷോര്‍ട്ട് ഫിലിം ഏതാവണമെന്നു എനീകു ഒരു സംശയവും ഇല്ലായിരുന്നു..

പക്ഷെ, അത് വിലക്കാനും ഞങ്ങളെ എതിര്‍ക്കാനും ഉണ്ടാവും ഇവടെ ചിലര്‍.. ..